Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cm

കേരളം ഇനി അതിദാരിദ്ര്യ മുക്ത സംസ്ഥാനം: സഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പ്രഖ്യാപനത്തെ പ്രതിപക്ഷം എതിർത്തു. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ടെന്നും സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭയിൽ ചർച്ച ചെയ്യാതെയാണ് പ്രഖ്യാപനം നടത്തിയത്. സഭാസമ്മേളനം സർക്കാർ പ്രഹസനമാക്കി. പൊള്ളയായ പ്രഖ്യാപനമാണിത്. പച്ച നുണകളുടെ കൂമ്പാരമാണ്. സർക്കാർ നടത്തുന്നത് തെരഞ്ഞെടുപ്പിനു മുമ്പുള്ള പിആർ‌ വർക്ക് ആണെന്നും സതീശൻ ആരോപിച്ചു. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

എന്നാൽ, കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുതയില്ല. പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിന്‍റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

Up